08:40am 28 November 2026
NEWS
കോർപ്പറേറ്റുകൾക്ക് മാത്രമല്ല സർക്കാരിനും ഉത്തരവാദിത്തമുണ്ട്
27/11/2026  05:56 PM IST
കോർപ്പറേറ്റുകൾക്ക് മാത്രമല്ല സർക്കാരിനും ഉത്തരവാദിത്തമുണ്ട്

നികുതിയിളവുകളും മറ്റു സൗജന്യങ്ങളും സഹായങ്ങളും നൽകിയിട്ടും രാജ്യത്തെ കോർപ്പറേറ്റുകൾ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുകയോ, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇൻഡ്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ(ഫിക്കി) വാർഷികയോഗത്തിൽ പ്രധാനമന്ത്രി നടത്തിയ വിമർശനം ആത്മാർത്ഥതയുള്ളതാണോ അതോ ആ കുറ്റപ്പെടുത്തലിന് മറ്റെന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്നൊക്കെയുള്ള ചർച്ചകൾ രാജ്യത്ത് നടക്കുകയാണ്.

രാജ്യത്തെ നിരവധി സാമ്പത്തികവിദഗ്ദ്ധരും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും ഇടതുപക്ഷപ്പാർട്ടികളുമൊക്കെ എത്രയോ കാലമായി പറയുന്ന കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് പ്രധാനമന്ത്രിയുടെ കോർപ്പറേറ്റുകളെക്കുറിച്ചുള്ള ഇപ്പോഴത്തെ പരാതി. നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയായാണ്, വൻ വ്യവസായ മേഖലയെ, ബി.ജെ.പി ഭരണത്തെ പിന്തുണയ്ക്കുന്നവർ ഇതുവരെയും പ്രകീർത്തിച്ചിരുന്നത്. ഇതുവരെ തലയിൽവച്ചുകൊണ്ട് നടന്ന ഇന്ത്യൻ കോർപ്പറേറ്റുകളെ ഒരു ദിവസം കൊണ്ട് താഴെയിടാൻ ഭരണകൂടത്തിന് ഇത്രയും കാലം പരവതാനിയ്ക്കടിയിൽ മൂടിയിട്ട വിഷയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. രാജ്യത്തെ സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങളിൽ പ്രാഥമിക ഉത്തരവാദിത്തം സർക്കാരിന് തന്നെയാണ്.

രാജ്യത്തെ സാധാരണ ജനങ്ങളുടെ ഉപജീവനമാർഗ്ഗം, വരുമാനം, ജോലികൾ, വാങ്ങൽശേഷി, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എന്നിവയെല്ലാം പ്രതിസന്ധി നേരിടുന്നു. വരുമാന അസമത്വം, ദാരിദ്ര്യം, കർഷകരുടെ ദുരിതം ഇവയൊന്നും പരിഹരിക്കപ്പെടുന്നില്ല. കാർഷികോൽപ്പാദനത്തിലെ ഇടിവ്, അസമമായ വിതരണം, വ്യാവസായിക മാന്ദ്യം, ജി.ഡി.പി വളർച്ചയുടെ മന്ദഗതി, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, തൊഴിൽനഷ്ടം തുടങ്ങിയ ആശങ്കാജനകമായ പ്രശ്‌നങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെയും 'സമ്പത്ത് സൃഷ്ടിക്കുന്നവർ' എന്ന് കോർപ്പറേറ്റുകളെ പുകഴ്ത്തി അവർക്കുവേണ്ടി നികുതിയും വരുമാനവും ഉപേക്ഷിക്കുകയാണ് മോദി സർക്കാർ ചെയ്തത്.

ഭൂമി, തൊഴിൽ, മൂലധനം, സംരംഭം എന്നീ നാല് ഉൽപ്പാദന ഘടകങ്ങളെ മോദിഭരണകാലത്ത് വൻകിട കോർപ്പറേറ്റുകളും, സ്വകാര്യ കുത്തക മുതലാളിമാരും ഹൈജാക്ക് ചെയ്തു.

മോദി തന്നെ ഫിക്കി വാർഷിക യോഗത്തിൽ പറഞ്ഞതുപോലെ, കോർപ്പറേറ്റ് നികുതി 30 ശതമാനമായിരുന്നത് 22 ശതമാനമായി കുറച്ചു. കോർപ്പറേറ്റുകൾക്കുള്ള ബാങ്ക് വായ്പകൾ എഴുതിത്തള്ളി. കോർപ്പറേറ്റുകൾക്കായി ഇങ്ങനെ ലക്ഷക്കണക്കിന് കോടി രൂപയുടെ സൗജന്യങ്ങളും ഇളവുകളും നൽകിയപ്പോൾ അതിസമ്പന്നരുടെ വരുമാനവും ലാഭവും കുത്തനെ ഉയർന്നു. ദരിദ്രർ കൂടുതൽ ദരിദ്രരായി. തൊഴിലില്ലായ്മയും പട്ടിണിയും കൂടുതൽ കൂടുതൽ രൂക്ഷമായി. ദരിദ്രർ വർദ്ധിച്ചു.

അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നതും ദരിദ്രരെ സൃഷ്ടിക്കുന്നതുമായ നയങ്ങൾ പിന്തുടരുകയും 'സമ്പത്തുൽപ്പാദകരായ' കോർപ്പറേറ്റുകൾക്ക് ഭരണാധികാരം കൈമാറുകയും ചെയ്ത മോദിസർക്കാരിന് തൊഴിൽസൃഷ്ടിയും സുസ്ഥിര വരുമാനമുറപ്പിക്കലും ഒരു ലക്ഷ്യമേ ആയിരുന്നില്ല. അതുകൊണ്ട് കേന്ദ്ര സർക്കാരിനും സാമ്പത്തികരംഗത്തെ അസമത്വത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകി മാറിനിൽക്കാനാവില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL
img